കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച (ജൂലൈ 30) പുലര്‍ച്ചെ നാലോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സില്‍ തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അന്‍സിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പെണ്‍സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞു.
ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് വിവരം.നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്റെ സുഹൃത്ത് പറയുന്നു. തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പോലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.
