കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ ഇരുപതാം വാര്‍ഡില്‍ കറുകടം മാവിന്‍ ചുവട്ടില്‍ നാലുപേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. വെള്ളിയാഴ്ചയും ഇന്നലെയുമായാണ് സംഭവം. കൈലാസത്തില്‍ വിജയകുമാറിന്റെ മകന്‍ അമൃത് എന്ന ഏഴാം ക്ലാസുകാരനും കടിയേറ്റിട്ടുണ്ട്. കൈയിലും കാലിലുമാണ് കടിയേറ്റത്. തറവാട്ടില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അമൃതിനെ നായ കടിച്ചത്. നിലവിളി കേട്ടെത്തിയ അയല്‍വാസി മൂലംകുഴിയില്‍ കണ്ണന്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് കണ്ണനും ഇളമനയില്‍ ബിനീഷിനും നേരെ നായയുടെ ആക്രമണമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് വെയിറ്റിംഗ് ഷെഡ്ഡില്‍ വച്ച് പാലപ്പിള്ളില്‍ സന്തോഷിനെയും നായ ആക്രമിച്ചു. എല്ലാവര്‍ക്കും വാക്സിനേഷന്‍ നടത്തിയിട്ടുണ്ട്. ഒരു വളര്‍ത്തുപൂച്ചയെ നായ കടിച്ചുകൊന്നതായും ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങള്‍ കടിച്ചുകീറി നശിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. മറ്റ് പലരേയും നായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.കോതമംഗലം ടൗണില്‍ ഉള്‍പ്പെടെ മുനിസിപ്പാലിറ്റിയിലെ പലഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി നായകളാണ് അലഞ്ഞുതിരിയുന്നത്. പലയിടത്തും ജനങ്ങള്‍ ഭീതിയിലാണ്.
