കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും പൂയംകുട്ടി പുഴയില്‍ ഒഴുകിയെത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സന്ധ്യയോടെ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വെള്ളം കയറി തുടങ്ങി. രാത്രി 7.30ഓടെ ചപ്പാത്ത് മുങ്ങി. മഴ കൂടിയാല്‍ ഇന്ന് ചപ്പാത്തിലൂടെയുള്ള ഗതാഗതം പ്രതിസന്ധിയിലാകും. ചപ്പാത്ത് മുങ്ങിയതോടെ രാത്രിയോടെ ഇരുവശത്തും വാഹനങ്ങളും ആളുകളും കുടുങ്ങിയിട്ടുണ്ട്. രാത്രിയോടെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പലതും പൂയംകുട്ടിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. രണ്ടു ഗ്രാമങ്ങളും ആറ് ആദിവാസി ഉന്നതികളും ഒറ്റപ്പെട്ട നിലയിലാണ്.
