കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക് യാത്രികര്‍ക്കു നേരെ ആനകള്‍ തിരിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണു മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു ആക്രമണ ശ്രമം. രാവിലെ ഏഴോടെ റബര്‍ ടാപ്പിംഗിനെത്തിയതായിരുന്നു ജോയി. സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി കോലേക്കാട്ട് അനില്‍, മാന്പിള്ളി ഇന്റീരിയല്‍ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരാണു ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അനിലിന്റെ ബൈക്ക് ചവിട്ടിമറിച്ചാണ് ആന കടന്നുപോയത്. കുട്ടിയാനയടക്കം ആറ് ആനകളാണു പ്ലാമുടി ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കോട്ടപ്പാറ വനാതിര്‍ത്തി പങ്കിടുന്ന പ്ലാമുടി, കൂവക്കണ്ടം, കല്ലുളി, ഷാപ്പുംപടി, മൂന്നാംതോട്, വാവേലി, വടക്കുംഭാഗം, ചേലക്കാപ്പള്ളി, മുട്ടത്തുപാറ, ഉപ്പുകണ്ടം, ചീനിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആനകളെ ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. പ്ലാമുടിക്ക് സമീപം വ്യാഴാഴ്ച രാത്രി ഭീതിപരത്തിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത് ഇന്നലെ രാവിലെ ഏഴരയോടെയാണ്. നിരവധി ജനവാസമേഖലകളിലൂടെയാണ് ആനകള്‍ ചുറ്റിത്തിരിഞ്ഞത്. പുരയിടങ്ങളിലും റോഡുകളിലും ആനകള്‍ എത്തി. പഞ്ചായത്ത് ആസ്ഥാനമായ ചേറങ്ങനാല്‍ ജംഗ്ഷന് മുക്കാല്‍ കിലോമീറ്റര്‍ അടുത്തുവരെ ആനക്കൂട്ടം കടന്നു കൂടി. ദിവസങ്ങള്‍ക്ക് മുന്പ് വനപാലകര്‍ക്ക് നേരെയും ആനകള്‍ പാഞ്ഞടുത്തിരുന്നു.
നാല് പിടിയാനകളും രണ്ട് കുട്ടിയാനകളും ഉള്‍പ്പെട്ട സംഘം കുറച്ച് ദിവസങ്ങളായി ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഇവ ഏഴിനു ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്. പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങളും ആന ഭീഷണിയുടെ പരിധിയിലായി. വനം വകുപ്പിനെതിരെ ജനരോഷം ശക്തമാകുകയാണ്.
