കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക് സിറ്റി പ്രോജക്ടിൽ ഉൾപെടുത്തി കുട്ടമ്പുഴയ്ക്ക് സമീപം ഇടമലയാറും കണ്ടൻപാറ പുഴയും തമ്മിൽ സംഗമിക്കുന്ന ആനക്കയം കേന്ദ്രികരിച്ച് പാലം പണിയുന്നതിന് കെ എസ് ഇ ബി നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പൂയംകുട്ടി പ്രോജക്ടിന് കേന്ദ്ര ഗവൺമെൻ്റ് അനുമതി നിക്ഷേധിച്ചതോടെ പാലം എന്ന സ്വപ്നവും നിലച്ചു.
2009 ലെ പി ഡബ്ലു ഡി ഉത്തരവ് പ്രകാരം നെടുമ്പാശ്ശേരി – കൊഡൈക്കനാൽ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായി ഭൂതാത്താൻകെട്ട് – വടാട്ടുപാറ – പലവൻപടി – ആനക്കയം – കുട്ടുമ്പുഴ റോഡ് ഏറ്റെടുക്കുകയുണ്ടായി. ഇതിൻ്റെ ഭാഗമായി ആനക്കയത്ത് പി ഡബ്ലു ഡി യുടെ നേതൃത്വത്തിൽ പാലം പണിയുവാൻ നടപടികൾ ആരംഭിക്കുകയും സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാത്ത ഹെഡിൽ 100 രൂപ ടോക്കൺ അഡ്വാൻസ് ആയി ഉൾപെടുത്തുകയും 12 കോടി രൂപ അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു. ആനക്കയത്ത് പാലം പണിയുന്നതിൻ്റെ ഭാഗമായി വടാട്ടുപാറ – കുട്ടമ്പുഴ റോഡിൽ ആനക്കയം ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ 36 സെൻ്റ് സ്ഥലം ഏറ്റെടുക്കേണ്ടത് ഉണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല.
ആനക്കയത്ത് ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നും സ്ഥലം വിട്ടു കിട്ടാത്ത സാഹചര്യത്തിൽ ആണ് കുട്ടമ്പുഴ ബംഗ്ലാവ് കടവ് കേന്ദ്രികരിച്ച് പാലം പണിയണം എന്ന ആവശ്യം ഉയർന്ന് വന്നത്. ഈ ആവശ്യം ഉന്നയിച്ച് 2016-2017 കാലഘട്ടത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദങ്ങൾ സമർപ്പിച്ചതിനേ തുടർന്ന് പി ഡബ്ലുഡി
പാലത്തിൻ്റെ എസ്റ്റിമേറ്റ് എടുക്കുകയുണ്ടായി.
കുട്ടമ്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് 180 മീറ്റർ നീളത്തിൽ പാലം പണിയുന്നതിന് 18 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോൾ ഈ എസ്റ്റിമേറ്റ് തിരുത്തി 18 കോടിയിൽ നിന്നും 25 കോടി രൂപയാക്കി എസ്റ്റിമേറ്റ് തുക ഉയർത്തിയിട്ടുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിലെ ആകെ ജനസംഖ്യ 24,451- ആണ് അതിൽ 12,000-ത്തി പരം ജനങ്ങൾ താമസിക്കുന്നത് വടാട്ടുപാറ പ്രദേശത്താണ്. വടാട്ടുപാറ നിവാസികൾക്ക് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആസ്ഥാത്ത് എത്തി ചേരണമെങ്കിൽ രണ്ട് ബസുകൾ മാറി കയറി 30 കി.മി ദൂരം യാത്ര ചെയ്താലേ കുട്ടമ്പുഴയിൽ ഉള്ള പഞ്ചായത്ത് , വില്ലേജ് ആഫീസുകൾ, പോലിസ്‌റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, ഹയർ സെക്കണ്ടറി സ്കൂൾ,മൃഗാശുപത്രി, ട്രൈബൽ ഓഫീസ്, ബാങ്ക് കൾ അടക്കമുള്ള സ്ഥാപനങ്ങളിൽ എത്തിചേരുവാൻ കഴിയൂ. ഇത്
ഇടമലയാർ – താളുക്കണ്ടം ട്രൈബൽ നിവാസികൾക്കും വളരെയേറെ ഗുണപ്രഥമാകും.
2009 മുതൽ 2025 വരെ കഴിഞ്ഞ 17 വർഷമായിട്ട് ആനക്കയം കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം നിർമ്മാണത്തിനായി സർക്കാർ സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാത്ത ഹെഡിൽ വെറും നൂറ് രൂപ മാത്രമാണ് ഉൾകൊള്ളിച്ചു വരുന്നത് .
ഭരണാനുമതി ഉള്ള ഹെഡിൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ എങ്കിലും അനുവദിച്ചാലേ 25 കോടി രൂപ എസ്റ്റിമേറ്റുള്ള കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലത്തിന് അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിക്കുകയുള്ളു. ഈ കാര്യത്തിൽ ജനങ്ങളെ കബളിപ്പിച്ച് സ്ഥലം എം എൽ എ യും സർക്കാരും ഒത്തു കളിക്കുകയാണ് എന്ന് പഞ്ചായത്ത് ഗ്രാമവികസന സമിതി കുറ്റപെ ടുത്തി.
കുട്ടമ്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് പാലം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരും പി.ഡബ്ലു ഡി യും വലിയ ഉദാസീനത കാട്ടിയ സാഹജര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഹർജി ഫയൽ ചെയ്യുകയും ഇതിനെ തുടർന്ന് 2024 ജൂൺ 21 ന് വളരെ അടിയന്തിരമായി പാലം പണിയണമെന്ന് കാണിച്ച് ഉത്തരവുകൾ ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി ഹൈകോടതിയിൽ കേസ് ഫയൽ ചെയ് തിരിക്കുകയാണ്
എത്രയും വേഗത്തിൽ പാലം നിർമ്മിക്കണമെന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിക്ക് വേണ്ടി ഷാജി പയ്യാനിക്കൽ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു .
.
