കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു ജോലിക്കായി പൂയംകുട്ടിക്കു പോയതായിരുന്നു
രണ്ടാം ദിവസമായ വ്യാഴാഴ്ച നേവിയുടെ വിദഗ്ദ സംഘവും തെരച്ചിലില്‍ പങ്കുചേര്‍ന്നു.ആദ്യ ദിവസം തെരച്ചില്‍ നടത്തിയ എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സ് സംഘവും രണ്ടാം ദിവസവും സജീവമായി രംഗത്തുണ്ടായിരുന്നു. അഞ്ച് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ബിജുവിനെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് തീരുമാനം.
ശക്തമായ ഒഴുക്കും മഴയും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുത്തൊഴുക്കില്‍പ്പെട്ട് ബിജു കൂടുതല്‍ താഴേക്ക് ഒഴുകിപോയിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഭൂതത്താന്‍കെട്ട് വരെ പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചിലും നിരീഷണവും നടത്തുന്നുണ്ട്.വൈകുന്നേരത്തോടെ രണ്ടാം ദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. വെളളിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കും.മഴക്ക് ശമനം ഉണ്ടായതുമൂലം പുഴയില്‍ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്.ചപ്പാത്തിലും വെള്ളം കുറഞ്ഞുതുടങ്ങി.എന്നാല്‍ ഇപ്പോഴും ഇതുവഴി യാത്ര സാധ്യമല്ല.അത്യാവശ്യക്കാരെ വള്ളത്തിലാണ് മറുകര കടത്തുന്നത്.
