കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍ റോഡില്‍ വന്‍ അപകടമാണ് പതിയിരിക്കുന്നത്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലേക്ക് പടര്‍ന്നുനില്‍ക്കുന്ന ഇറ്റക്കാടുകള്‍കണ്ട് പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വാഹനങ്ങള്‍ ഇവയില്‍ തട്ടാതെ വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകട സാധ്യത.
ഈറ്റകള്‍ വാഹനങ്ങളില്‍ തട്ടി പോറലേല്‍ക്കുന്നതായും യാത്രക്കാര്‍ക്ക് പരാതിയുണ്ട്. ഗതാഗതത്തിന് തടസ്സമാകുന്ന കാട് വെട്ടി മാറ്റാന്‍ വനപാലകര്‍ തയാറാകുന്നില്ലെന്നാണ് പരാതി. നാട്ടുകാര്‍ ഇവ വെട്ടിനീക്കാന്‍ തയാറായാല്‍ വനവിഭവങ്ങള്‍ നശിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേ വനംവകുപ്പ് കേസെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരും ഇതിനു മുതിരാത്ത സാഹചര്യമാണ് നിലവില്‍. മഴക്കാലം ആരംഭിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നും അപകടം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
