പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഹീറോ യംഗ് സ് പാലിയേറ്റീവ് കെയറിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനും മറ്റ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന എംകെ മൈതീൻ മെമ്മോറിയൽ മിനി അഖിലേന്ത്യ സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ മേളയ്ക്ക് അടിവാട് മാലിദ് ദീനാർ പബ്ലിക് സ്കൂൾ മൈതാനത്ത് തുടക്കംകുറിച്ചു.
വിദേശ താരങ്ങളെ എല്ലാം ഉൾപ്പെടുത്തി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പതിനാറ് ടീമുകളെ ഉൾപ്പെടുത്തി പതിനഞ്ച് ദിവസക്കാലം നീണ്ട്നിൽക്കുന്ന ഫുട്ബോൾ മേളക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.
ഫുട്ബോൾ മേളയുടെ ഉദ്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ് ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ പോത്താനിക്കാട് ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ബോബൻ ജേക്കബ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു മാലിക് ദിനാർ ട്രസ്റ്റ് ആക്ടിംഗ് ചെയർമാൻ വി എം മുഹമ്മദ് സെക്രട്ടറി സി എച്ച് സിദ്ധീഖ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് പ്രസിഡൻറ് ഷമീർ കെ എം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫുട്ബോൾ ടൂർണമെൻറ് കമ്മറ്റി ചെയർമാൻ അമീർ കെ എം സ്വാഗതവും കൺവീനർ മുഹമ്മദ് ഷാ കെ പി നന്ദിയും പറഞ്ഞു.


























































