കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.
കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി. മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി. കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.
മൂന്ന് വകുപ്പിൽ കേസ്
മയക്കുവെടി വച്ച് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് 144 പ്രഖ്യാപിച്ച ശേഷം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരം നാട്ടുകാർക്കെതിരെ കേസ് എടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവർ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. അന്ന് കാട്ടിലേക്ക് കയറ്റി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. കിണറിൽ വീണ ശേഷം ഈ പ്രദേശത്ത് രണ്ടു മനുഷ്യരെ ആക്രമിച്ചത് ഇതേ കാട്ടാന തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതിഷേധക്കാരുടെ ആവശ്യം
ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.
നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.
നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക.
വനസംരക്ഷണത്തിൻ്റെ പേരിൽ വൻഅഴിമതിയും ബിസിനസും അരങ്ങു വാണതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. വനസംരക്ഷണത്തിനും വന്യമൃഗപരിപാലത്തിനുമായി നൽകുന്ന ഫണ്ടിൽ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നത്. വനത്തിലുള്ള നീർച്ചാലുകളുടെയും ശുദ്ധജല ശ്രോതസ്സുകളുടെയും പരിപാലനം അഴിമതിയിൽ മുങ്ങി. സ്വാഭാവിക വനത്തിന് പകരം അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്സ് തുടങ്ങിയവ വനമേഖല കൈയ്യടക്കിയതോടെ അടിക്കാടുകൾ നശിച്ചു. ഇതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും ജലവും ലഭിക്കാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖല കൈയ്യടക്കിയത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. വനത്തിനുള്ള വാണിജ്യ ഇടപാടുകൾ നിർത്തി സ്വഭാവിക വനവും ജലശ്രോതസുകളും സംരക്ഷിക്കണം.