നെല്ലിക്കുഴി: കുഞ്ഞ് മാലാഖക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കോതമംഗലം, മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയില്‍. മേതല പുതുപ്പാലത്ത് ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് സംശയം . സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. പിതാവ് അജാസ് ഖാന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രണ്ടാനമ്മ നിഷ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം.കുറ്റകൃത്യത്തെക്കുറിച്ച് പിതാവിന് അറിവുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്തും. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാം ഭാര്യ നിഷയേയും റൂറല്‍ എസ്പി വൈഭവ് സക്‌സേന വിശദമായി ചോദ്യം ചെയ്യുകയാണ്.
നെല്ലിക്കുഴി മേതല പുതുപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് അജാസ് ഖാനെയും നിഷയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.