കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർ ണയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 9ന് ദേശീയ വന്യജീവി ബോർഡ് യോഗം ഈ വിഷയം പരിഗണിച്ചില്ലായെന്നും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നുള്ള ചില ജനപ്രതിനിധികളുടെയും ചില സംഘടനകളുടെയും വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. 9-ാംതീയതിയിലെ വന്യജീവി ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നതോടുകൂടി തട്ടേക്കാടിന്റെ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നുള്ള ഈ വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയിട്ടുള്ള ആരോപണങ്ങൾ മാത്രമായിരുന്നു ഇത്.തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന ഉറച്ച നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനുള്ളത് . എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കുന്ന സമീപനത്തിൽ നിന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ജനവാസ മേഖലകള്‍ പക്ഷിസങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിലേക്ക് കഴിഞ്ഞ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയ്ക്ക് അനുസൃതമായി ദേശീയ വന്യജീവി ബോര്‍ഡിന്റെ 09.10.2024 ലെ യോഗത്തില്‍ നടന്ന തീരുമാനങ്ങള്‍ ഇന്നലെ ചേർന്ന സംസ്ഥാന വന്യ ജീവി ബോര്‍ഡ് വീണ്ടും വിലയിരുത്തുകയുണ്ടായി.സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിന് അനുബന്ധമായി ജനപ്രതിനിധികള്‍ക്കും പ്രദേശ വാസികള്‍ക്കും തങ്ങളുടെ പക്ഷം അവതരിപ്പിക്കുന്നതിനുള്ള അവസരം കൂടി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇന്നലത്തെ ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.