കോട്ടപ്പടി : വന്യജീവി ശല്യം ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ നിരീക്ഷകരായി നാട്ടുകാരും. നാട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ജനപക്ഷ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അവിരാച്ചൻ പന്തനാൽ പുത്തൻപുര എന്നയാൾക്ക് അടിയന്തരമായി ഒരു ലക്ഷം രൂപ അനുവദിച്ച് ഭരണ അനുമതിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. ഭരണാനുമതി ലഭിച്ചു കഴിഞ്ഞാൽ ഉടൻ തുക കൈമാറും . ഇതിനിടയിൽ ആശുപത്രിയിൽ കഴിയുന്ന ആളുടെ മുഴുവൻ ചികിത്സാ ചെലവും എംഎൽഎ വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കമ്മിറ്റിയെ അറിയിച്ചു
അതുപോലെ കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ വന്യജീവി ആക്രമണങ്ങളെ കുറിച്ച് പഠനം നടത്താനും കമ്മിറ്റി തീരുമാനിച്ചു. 2016 ൽ നിർജീവമായി പോയ ദുരിതാശ്വാസനിധി പുനരാരംഭിക്കുവാൻ തീരുമാനമായി. കോട്ടപ്പടിയിലെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് ആദ്യമായാണ് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തതും തീരുമാനങ്ങളെടുക്കുന്നതും.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ മാത്യു, കെ. എസ്. സി (M) ജില്ലാ പ്രസിഡന്റ് ബിനിൽ വാവേലി, കോട്ടപ്പടി SNDP ശാഖ കമ്മിറ്റി മെമ്പർ അനീഷ് കെ ബി, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗവും ഹ്യൂമൻ റൈറ്റ്സ് ഫെഡറഷൻ മെമ്പറുമായ ജെറിൽ ജോസ് എന്നിവരാണ് നിരീക്ഷകരായി എത്തിയത്. പഞ്ചായത്ത് രാജ് ആക്ട് നൽകുന്ന ഇത്തരം സാധ്യതകൾ ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കുന്നുവെന്നും വരുംകാലങ്ങളിൽ കൂടുതൽ ആളുകളുടെ സഹകരണത്തോടെ പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്ന കമ്മിറ്റികളിൽ കൂടുതൽ സാന്നിധ്യം ഉണ്ടാകുമെന്നും നാട്ടുകാർ അറിയിച്ചു.കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ അനുഭവിക്കുന്ന സംഘർഷത്തെ സംബന്ധിച്ച പരാതി, വന്യജീവി ശല്യം അനുഭവിക്കുന്നവർക്കുള്ള സഹായ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ തീരുമാനമെടുക്കുന്നതിന് വേണ്ടി കമ്മിറ്റി മാറ്റിവെച്ചു