ഏബിൾ. സി. അലക്സ്
കോതമംഗലം :നാട്ടിൽ പുറങ്ങളിൽ കാക്ക കൊത്തി താഴെയിട്ടും,ആർക്കും വേണ്ടാതെ നിലത്തുവീണും മറ്റും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. പഴ വിപണിയിൽ വൻ ഡിമാൻഡ് ആണ് ഈ കുള്ളൻ ചക്കക്ക്. നാവിൻ തുമ്പിൽ ഒരു കാലത്ത് മധുരത്തിന്റെ തേൻകനി ഒരുക്കിയ ആഞ്ഞിലി പഴത്തെ ഇന്ന് പുതു തലമുറ ഏറ്റെടുത്തു കഴിഞ്ഞു . പക്ഷെ താരങ്ങളിൽ താരമായ ഈ പഴത്തിന്റെ വില കേട്ട് ആരും ഞെട്ടരുത്. കിലോയ്ക്ക് 800 മുതൽ 1000 വരെയാണ് വില. കോതമംഗലത്തും പരിസരപ്രദേശങ്ങളിലും ഇതിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്.എന്നാൽ വേണ്ടപ്പെട്ടവർക്കും , കൂടുതൽ വാങ്ങിക്കുന്നവർക്കും വില കുറച്ചും വിൽക്കുമെന്ന് കോതമംഗലത്ത് ഉന്തു വണ്ടിയിൽ ആഞ്ഞിലിചക്ക പഴം വിൽപ്പന നടത്തുന്ന ഇടുക്കി ചെമ്മണ്ണാർ സ്വദേശിയും, ഇപ്പോൾ കോതമംഗലം നെല്ലിക്കുഴിയിൽ താമസക്കാരനുമായ ചകിണിക്കൂന്നേൽ സ്റ്റാൻലി പറഞ്ഞു.കോതമംഗലത്ത് നിന്ന് ചെന്നൈ, ബാംഗ്ലൂർ, മുംബൈ തുടങ്ങി അങ്ങ് ഇന്ദ്രപ്രസ്ഥം വരെ കൊറിയർ ആയി ഈ കുഞ്ഞൻ പഴം അയക്കുന്നുണ്ടെന്നും സ്റ്റാൻലിയുടെ വാക്കുകൾ . ഈ പഴം വാങ്ങുന്നവരിലേറെയും ഉത്തരേന്ത്യക്കാരുമാണ് .
നമ്മുടെ കുട്ടിക്കാലത്തെ സ്വാദിഷ്ടമാക്കിയ ആഞ്ഞിലിച്ചക്കയ്ക്ക് ഇന്ന് പഴ വിപണിയിൽ വൻ ഡിമാന്റാണ് .റമ്പുട്ടാൻ, മംഗോസ്റ്റിൻ ഉൾപ്പെടെ വിദേശ പഴങ്ങളുടെ കുത്തൊഴുക്കുണ്ടായപ്പോൾ മലയാളി സൗകര്യപൂർവ്വം ആഞ്ഞിലി ചക്കയെ മറന്നു.എന്നാൽ പണി കഴിഞ്ഞെത്തുന്ന ബംഗാളികളും, ബീഹാറികളും പഴുത്ത ആഞ്ഞിലി ചക്ക കണ്ടാൽ കൂട്ടത്തോടെ കടയിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ആഞ്ഞിലി ചക്ക ചില്ലറക്കാരനല്ല.അതിനാൽ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം വാങ്ങാൻ ചില്ലറ തികയാതെയും വരും.
ഒരു കാലത്തു ആഞ്ഞിലിച്ചക്ക എന്നത് തേൻവരിക്കപോലെ തന്നെ വീടുകളിൽ പ്രിയപ്പെട്ട
ഭക്ഷണമായിരുന്നു. എത്ര വലിയ മരമാണെങ്കിൽ കൂടി
കുട്ടികൾ അതിൽ വലിഞ്ഞു കയറി ആഞ്ഞിലിക്കപറിച്ചു കഴിക്കുന്നത് നാട്ടിൻപുറങ്ങളിലെ സ്ഥിരം
കാഴ്ചയായിരുന്നു.സ്കൂൾ അവധിയുടെ സമയങ്ങളിലാണ്
ആഞ്ഞിലിക്കാ പഴുക്കുന്നത്.കേരളത്തിൽ ഭക്ഷ്യദൗർലഭ്യം രൂക്ഷമായിരുന്ന
കാലത്താണ് ആഞ്ഞിലിച്ചക്ക ഒരു പ്രധാനപ്പെട്ടഭക്ഷണ പദാർത്ഥമായി നമ്മുടെ അടുക്കളയിൽ
ഉപയോഗിച്ചിരുന്നത്.
പഴുക്കാത്ത ആഞ്ഞിലി ചക്കഉപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്കും തോരനുംകേരളീയരുടെ വർഷകാല ഭക്ഷണത്തിലെ പ്രധാനഇനങ്ങൾ ആയിരുന്നു.ഇതിന് വർഷകാലരോഗങ്ങളെ
പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായി
ആയുർവേദ വിദഗ്ദ്ധർ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിലും അറിയപ്പെടുന്ന ഇത് ഭക്ഷ്യയോഗ്യവും കടച്ചക്കയോട് സാദൃശ്യമുള്ളതുമാണ്. ആഞ്ഞിലി ചക്ക പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ടായിരുന്നു.ഇന്നത് വറുത്ത് പായ്ക്കറ്റുകളിലാക്കി വൻ വിലയ്ക്ക് സൂപ്പർ മാർക്കറ്റുകളിൽ വില്പന നടത്തുന്നു.
ചക്കയാവും മുൻപേ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.വിഷു നാളുകളിൽ പടക്കത്തിനു തീ കൊളുത്താനായി കുട്ടികൾ ഏറെ ഉപയോഗിച്ചിരുന്നതും ഇതായിരുന്നു.സ്വദേശിയും വിദേശിയുമായ മറ്റ് പഴവർഗ്ഗങ്ങൾ വ്യാപകമായി വിപണിയിൽ ഇടംപിടിച്ചപ്പോഴാണ് ഉയരത്തിൽ നിൽക്കുന്ന ആഞ്ഞിലി മരത്തിൻ് കായ്കൾ എത്തിപ്പിടിക്കാൻ മലയാളികളുടെ കൈകൾ മറന്നത്. നവമാദ്ധ്യമങ്ങളിലൂടെയാണ് ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചത്.ഒപ്പം
തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നുന്നബംഗാളികൾ അതിൻ്റെ ‘വില’ മലയാളികളെ അറിയിക്കുകയും ചെയ്തതോടെ നാട്ടിൽ നാലു മൂട് ആഞ്ഞിലിയുള്ളവനും അതൊരു ഇടക്കാല ആശ്വാസമായി ഇന്ന് മാറിയിട്ടുണ്ട്.എന്നാൽ അടർന്നു മാറി വേർപെട്ടുപോകാതെ പഴുത്ത ഒരു ആഞ്ഞിലിച്ചക്ക കൈയിൽ കിട്ടുവാൻ കൊതിച്ച ഒരുപാട് അവധിക്കാലങ്ങൾ ഇതിനിടയിൽ നമ്മുടെ കൈയ്യിൽ നിന്നും ഊർന്നുപോയിട്ടുണ്ട് എന്നതും മറന്നുകൂടാ….