കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറ്റെടുത്തതാണ് ഇന്ന് കുട്ടമ്പുഴയിൽ കെ എസ് ഇ ബോർഡിലെ കോട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലം.
പൂയംകുട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ഉദ്യോഗസ്ഥരെ താമസിപ്പിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കുമായാണ് കുട്ടമ്പുഴയിൽ ക്വാർട്ടേഴ്സ് പണിതത്. എന്നാൽ പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
വൈദ്യതി വകുപ്പിൻ്റെ അനാസ്ഥ മൂലം കുട്ടമ്പുഴയിൽ നിർമ്മിച്ച 25- ഓളം ക്വാർട്ടേഴ്സുകൾ നശിച്ചുപോവുന്ന അവസ്ഥയാണ് ഉണ്ടായത്. കുട്ടമ്പുഴ സർക്കാർ ഹൈ സ്കൂൾ , ഹയർ സെക്കണ്ടറി സ്കൂൾ, വില്ലേജ് ഓഫീസ്, സർക്കിൾ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, റെയിഞ്ച് ഫോറസ്ററ് ഓഫീസ്, ഡ്രൈവിംഗ് പരിശീലന മൈതാനം എന്നിവയോട് ചേർന്നുകിടക്കുന്ന കെ എസ് ഇ ബോർഡ് ക്വാർട്ടേഴ്‌സിൻ്റെ പരിസരത്തുകൂടി പകലുപോലും പേടിക്കാതെ യാത്രചെയ്യാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കൂറ്റൻ ചീനി മരങ്ങൾ പോലും വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണാം.പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്ന ഈ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് കിഫ ജില്ലാ പ്രസിഡൻ്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും, ഭയം ഉളവാക്കുകയും ചെയ്യുന്ന ഈ ജീർണ്ണിച്ച ക്വാർട്ടേഴ്സുകൾ ഉടൻ പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.