കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)” അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്നു തുടക്കമായി. ലോകത്തിലെ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ നിന്നുള്ള 150 ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേള്ളനത്തിൻ്റെ മുഖ്യ പ്രമേയം,
“കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും” എന്നതാണ്. ആകെ ലഭിച്ച 450 ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങളാണ് ഈ മൂന്നു ദിവസങ്ങളിൽ അഞ്ചു വേദികളിലായി നടക്കുന്നത്.
അന്താരാഷ്ട്ര സമ്മേളനം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എൻ. പി. ഒ. എൽ. ( ഡി. ആർ. ഡി. ഒ.) ഡയറക്ടർ ഡോ. അജിത് കുമാർ കെ. ഉത്ഘാടനം ചെയ്തു. കമ്പ്യൂട്ടേഷണൽ സമ്പ്രദായങ്ങളിൽ ഉണ്ടായിട്ടുള്ള ബൗദ്ധികമായ വളർച്ചയും നിർമ്മിത ബുദ്ധിയും കൊണ്ട് പ്രതിരോധരംഗത്ത് ലഭ്യമായ നേട്ടങ്ങളെ കുറിച്ചും നിർമ്മിത ബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യന്ത്രങ്ങൾക്ക് സ്വപ്നം കാണാനോ പുതിയ സാങ്കേതികതകളും സങ്കേതങ്ങളോ വികസിപ്പിക്കാനോ ഉള്ള കഴിവില്ലെന്നും മനുഷ്യ ബുദ്ധിയും പ്രയത്നവും ആധുനിക കമ്പ്യൂട്ടേഷനൽ സങ്കേതങ്ങളോടൊത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ അപ്രാപ്യമായ പലതും സാധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മിത ബുദ്ധിയുടെ ഉപയോഗം മനുഷ്യ പ്രയത്നങ്ങൾക്ക് ബദലായി വരുമെന്ന ഭയം വേണ്ടെന്നും താഴ്ന്ന നിലവിലുള്ള ജോലികൾ നിർമ്മിത ബുദ്ധി കൊണ്ട് ചെയ്യുവാൻ കഴിയുമെങ്കിലും ബൗദ്ധീകമായി ഉന്നത നിലവാരം ആവശ്യമുള്ള ജോലികൾ മനുഷ്യർ തന്നെ ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു
ഉത്ഘാടന സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് സ്വാഗതവും പ്രൊ. മുഹമ്മദ് കാസിം (ഐ. ഇ. ഇ. ഇ. കേരള ഘടകം ചെയർ) അദ്ധ്യക്ഷ പ്രസംഗവും നടത്തി. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. റയിസ് 2024 ജനറൽ ചെയർമാരായ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ശ്രീ വർഗ്ഗീസ് ചെറിയാൻ, ഐ. ഇ. ഇ. ഇ. വൈസ് ചെയർ ഡോ. ബിജുന കുഞ്ഞ്, ടെക്നിക്കൽ പ്രോഗ്രാം ചെയർ ഡോ. കുമരവേൽ എസ്., തിരുവനന്തപുരം സിഡാക് ലെ ശാസ്ത്രജ്ഞൻ ശ്രീ ജയൻ പി പി. എന്നിവർ സംസാരിച്ചു.