പിണ്ടിമന: പഞ്ചായത്തിലെ ഒന്നാം വാർഡ് വേട്ടാമ്പാറയിലെ ജനവാസ മേഖലയിൽ പഞ്ചായത്തിൻ്റ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പ്രവർത്തിക്കുന്ന ടാർമിക്സിംഗ് പ്ലാൻറിൻ്റ പ്രവർത്തനംമൂലം വിവിധതരം ശാരീരിക അസ്വസ്ത്യം മൂലം ഗ്രാമവാസികൾ ആശുപത്രിയിൽ അഭയംതേടുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ മറി കടന്ന് പ്രവർത്തിക്കുന്ന ഈ പ്ലാൻ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് നാട്ടുകാരും സംയുക്ത സമരസമിതിയും ചേർന്ന് നടത്തിയത്. വാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള പ്രക്ഷോഭം നടത്തിയെങ്കിലും ഇപ്പോൾ പോലീസ് സംരക്ഷണയിലാണ് ഈ പ്ലാൻ്റിൻ്റെ വാഹനങ്ങൾ ഓടുന്നത്.
പ്ലാൻ്റിൽനിന്നും പുറപ്പെടുന്ന രൂക്ഷമായ വിഷവാതകം ശ്വസിച്ച് നൂറുകണക്കിനാളുകൾക്ക് ശ്വസംമുട്ട്, തലവേദന, തലകറക്കം, ശരീരം ചൊറിച്ചിൽ, കണ്ണിന് വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾമൂലം കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിൽസതേടി. കെമിക്കൽ അലർജിയാണ് ഇത്തരം അവസ്ഥക്ക് കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത് . പൊലൂഷൻ കൺട്രോൾ ബോർഡും ആരോഗ്യ വകുപ്പും ആവശ്യമായ നടപടികൾ കൈകൊള്ളുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണിയായി പ്രവർത്തിക്കുന്ന ഈ ടാർമിക്സിംഗ് പ്ലാൻ്റ് എത്രയും വേഗം അടച്ചു പൂട്ടി ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് വേട്ടാമ്പാറ സെൻ്റ് സെബാസ്റ്യസ് ചർച്ച് വികാരി ഫാ. ജോഷി നിരപ്പേൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ടാർമിക്സിംഗ് പ്ലാൻറ് തുടർന്നും പ്രവർത്തിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പൗരസമിതി കൺവീനർ E K ചന്ദ്രൻ മുന്നറിയിപ്പ് നൽകി.
വേട്ടാമ്പാറ നിവാസികളെ ഈ മരണക്കെണ്ടിയിൽ നിന്നും രക്ഷിക്കേണ്ട ജനപ്രതിനിധികൾ നിസംഗത പാലിക്കുന്നതായും ജനങ്ങൾ പറഞ്ഞു. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനൊപ്പം നിൽക്കാത്ത ജനപ്രതിനിധികളെ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി വരുന്ന ലോകസഭ തിരഞ്ഞെടുപ്പം ബഹിഷ്കരിക്കാൻ ആലോചിക്കുന്നതായി സമരസമിതി കൺവീനർ പറഞ്ഞു.