പോത്താനിക്കാട്: കക്കടാശേരി-കാളിയാര്‍ റോഡും, ഇല്ലിച്ചുവട്-ചെറുളി റോഡും തമ്മില്‍ സന്ധിക്കുന്ന ഭാഗത്തെ അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. കൊടുംവളവായ ഈ ജംഗ്ഷനില്‍ ഇരുറോഡുകളും തമ്മില്‍ സംഗമിക്കുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. 2 റോഡുകളും അടുത്ത ദിവസങ്ങളില്‍ പുനരുദ്ധരിച്ചിരുന്നു. റോഡ് നവീകരിച്ചതോടെ വന്‍ കയറ്റവും കൊടുംവളവുമായ ഇവിടെ 2 വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് കൊടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ആരംഭഭാഗത്ത് ഒരു വശം പാര്‍ശ്വഭിത്തിയില്ലാത്ത കൊക്കയും, മറുവശം സ്വാകാര്യവ്യക്തിയുടെ വന്‍വൃക്ഷങ്ങളും നില്‍ക്കുന്നതുമൂലം വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു മാസം മുന്പ് നാട്ടുകാര്‍ പോത്താനിക്കാട് പഞ്ചായത്ത് കമ്മിറ്റിക്കു നല്‍കിയ പരാതിയെതുടര്‍ന്ന് തടസം നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടില്ല. എത്രയുംവേഗംമരങ്ങള്‍ മുറിച്ചുമാറ്റണമെന്നും, എതിര്‍വശത്ത് പാര്‍ശ്വഭിത്തി നിര്‍മിച്ച് ദുരന്തം ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.