കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെയും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാർ നടന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സസ്യ ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. കെ. പ്രദീപ് ക്ലാസ്സ് നയിച്ചു. വകുപ്പ് മേധാവി ഡോ. അജി അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലോകത്തിലെ സമ്പന്നമായ സസ്യ -ജന്തു വൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയിലെ പശ്ചിമഘട്ട മേഖലയെന്നും,ജീവന്റെ തുടിപ്പാണ് സസ്യങ്ങളെന്നും, ആയതിനാൽ ജീവനാഡിയായ സസ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കൊരോരുത്തർക്കുമുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു.ഹെർബേറിയം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും,ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിശദമായി അദ്ദേഹം ക്ലാസ്സിൽ അവതരിപ്പിച്ചു.
ജൈവ വൈവിധ്യം സംരക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ മനുഷ്യനും ഭൂമിയിൽനിന്ന് അപ്രത്യക്ഷമായേക്കാമെന്നും,ജൈവ വൈവിധ്യം, അത് ജീവന്റെ നാഡിയാണെന്നും,ജൈവമണ്ഡലത്തിലെ മനുഷ്യൻ ഉൾപ്പെടെ സർവ സസ്യ -ജന്തുജാലങ്ങളും ചേർന്നതാണ് ജൈവ വൈവിധ്യമെന്നും, ആയതിനാൽ ഓരോ ജീവിവർഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും,ഈ പാരസ്പര്യ ബന്ധമാണ് ഭൂമിയുടെ നിലനിൽപിനു തന്നെ ആധാരമെന്നും ഡോ. പ്രദീപ് കൂട്ടിച്ചേർത്തു. അദ്ധ്യാപകരായ ഡോ. സിജു തോമസ് ടി,ഡോ. അഖില സെൻ,ജില്ലാ കോർഡിനേറ്റർ ശ്രീരാജ് എൻ കെ , സ്റ്റുഡന്റ് കോർഡിനേറ്റർ കാർത്തിക സിബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.മെറിൽ സാറ കുര്യൻ, ഡോ. ജയലക്ഷ്മി പി. എസ്, ഡോ.ധന്യ പി നാരായണൻ, ശരത് ജി നായർ എന്നിവർ ദേശീയ സെമിനാറിന് നേതൃത്വം കൊടുത്തു.