കോതമംഗലം: പുന്നേക്കാട് ഭാഗത്ത് വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയ സ്ത്രീകള്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് നേരെ തേനീച്ച ആക്രമണത്തില്‍ പരിക്ക്. തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ ആറുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കാര്യമായി കുത്തേറ്റില്ല. പുന്നേക്കാട്- തട്ടേക്കാട് റോഡില്‍ മാവിന്‍ചുവട് ഭാഗത്ത് ഇന്നലെ രാവിലെ 8.30നാണ് സംഭവം. പുന്നേക്കാട് കൂരുകുളം സ്വദേശികളായ ചെമ്പിക്കോട്ട് ബേബി മേരി, പുറ്റിനാക്കുടി ലക്ഷ്മികുട്ടി, പുത്തന്‍പുര പെണ്ണമ്മ ഗോപാലന്‍, അമ്മിണി തങ്കപ്പന്‍, സമീപ റിസോര്‍ട്ടിലെ ജോലിക്കാരനായ റോഷന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കുമാണ് ദേഹമാസകലം തേനീച്ച കുത്തേറ്റത്. സമീപത്ത് വനാന്തരത്തില്‍ എവിടെയോ തേനീച്ച കൂട്ടില്‍നിന്ന് തേനെടുക്കാനെത്തിയ പരുന്തിന്റെ ചിറകടിച്ച് കൂടിളകിയതാണെന്നാണ് വനപാലകരുടെ നിഗമനം. കൂട്ടത്തോടെ എത്തിയ തേനീച്ചകളുടെ കുത്തേറ്റ് ഫയര്‍ലൈന്‍ പണിക്കെത്തിയ സ്ത്രീകള്‍ ചിതറിയോടി. ഓട്ടത്തിനിടെ പലരും വീണു.ബേബി മേരിയെ താങ്ങിയെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. ചിതറിയോടിയവരുടെ പിന്നാലെ അര കിലോമീറ്ററോളം തേനീച്ചക്കൂട്ടം എത്തി ആക്രമിച്ചിരുന്നു. വേദനയും പുകച്ചിലുമായി പലരും അവശനിലയിലായി. ബേബി മേരി അബോധാവസ്ഥയുടെ വക്കോളമെത്തിയിരുന്നു. പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ഇവര്‍ക്ക് കുത്തിവയ്്പും മരുന്നും നല്‍കിയാണ് വിട്ടയച്ചത്.
