കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയില്‍ ദേശീയപാതയിലേക്ക് മരം കടപുഴകി വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. റോഡരികിലെ മണ്‍തിട്ടയില്‍ നിന്ന മരമാണ് മറിഞ്ഞുവീണത്. മരം വീഴുന്‌പോള്‍ തൊട്ടടുത്ത് വാഹനങ്ങളെത്തിയിരുന്നു. മരംവീഴുന്നത് കണ്ട് പെട്ടെന്ന് നിറുത്താന്‍ കഴിഞ്ഞതിനാലാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റൊരു കാറും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്ന് അഗ്‌നിശമന രക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. ബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങികിടന്നു. കനത്തമഴയെതുടര്‍ന്ന് മണ്ണ് കുതിര്‍ന്നതാണ് മരം കടപുഴകിവീഴാന്‍ കാരണം. ഇത്തരത്തില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള നിരവധി മരങ്ങള്‍ ദേശീയപാതയോരത്തുണ്ട്. ഇവ മുറിച്ചുനീക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. അഞ്ചുകുട്ടികളുടെ മരണത്തിനിടയാക്കിയ നെല്ലിമറ്റത്തെ അപകടമുള്‍പ്പടെ ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വികരിച്ചിട്ടില്ല.