കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര ഹൈവേ സംബന്ധിച്ച് വിലയിരുത്താൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി കമ്മീഷൻ വിസിറ്റ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച കോടതിയുടെ ഇടക്കാല ഉത്തരവിൽ പൊതുജനങ്ങളെ വഴിയാത്രയിൽ തടയരുത് എന്ന് ഉത്തരവുണ്ട്. ഇന്ന് ഏതാനും വാഹനങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഡി എഫ് ഒ യോട് വിശദീകരണം ചോദിച്ചപ്പോഴാണ് ജനറൽ പബ്ലിക് എന്ന് പറഞ്ഞാൽ കുറത്തിക്കുടി നിവാസികൾ മാത്രമാണെന്നും അല്ലാത്തവർ ജനറൽ പബ്ലിക്കിന്റെ കീഴിൽ വരില്ല എന്നും നിലപാട് എടുത്തത്. തനിക്ക് വിധി ഇങ്ങനെയാണ് മനസ്സിലായതെന്നും എന്തായാലും ചെക്ക് പോസ്റ്റിൽ തടയും എന്നുമാണ് മൂന്നാർ ഡിഎഫ്ഒ പറയുന്നത്. ഹൈക്കോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുന്ന മൂന്നാർ ഡി എഫ് ഒ ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന ഡി എഫ് സ്ഥാനത്ത് തുടരുവാൻ അയോഗ്യനാണെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. നിലപാട് തിരുത്തുന്നില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ഹൈക്കോടതി കമ്മീഷൻ വിസിറ്റ് വലിയ ജനപങ്കാളിത്തത്തിന്റെ പേരിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
