കോതമംഗലം : ഓൺ ഗ്രിഡ് സോളാർ സംവിധാനത്തിന് ഇൻസ്റ്റാൾ ചെയ്ത് ഫീസടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് മീറ്റർ ഘടിപ്പിച്ച് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകി. കുത്തുകുഴി വലിയപാറ വരിക്കാനിക്കൽ ബിനോയി വി ഐസക്കാണ് കഴിഞ്ഞ സെപ്തംബർ നാലിന് വൈദ്യുതി ബോർഡ് നമ്പർ ടു വിഭാഗത്തിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഫീസ് അടച്ച് ഇൻസ്റ്റാൾ ചെയ്തത്.എന്നാൽ ഏഴ് ദിവസത്തിനകം സോളാർ സംവിധാനം അനുവദിക്കണമെന്നുള്ള ബോർഡിൻ്റെ മാനദണ്ഡം മറികടന്ന് 62 ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് വൈദ്യുതി മന്ത്രിക്കും ,ചീഫ് എഞ്ചിനീയർക്കും വൈദ്യുതി ബോർഡിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്താവ് പരാതി നൽകിയത്.
ഭീമമായ വൈദുതി ബിൽ ഒഴിവാക്കാനാണ് സോളാർ ന സംവിധാനത്തിന് അപേക്ഷിച്ചതെന്നും നിലവിൽ ഒൻപതിനായിരത്തോളം രൂപയുടെ വൈദ്യുതി ചാർജ് അടുച്ചതായും പരാതിക്കാരനായ ബിനോയി പറഞ്ഞു.
നമ്പർ ടു വിഭാഗത്തിലെ വനിത അസിസ്റ്റൻൻ്റ് എഞ്ചിനിയറെ സമീപിച്ചപ്പോൾ യാതൊരു പ്രകോപനമില്ലാതെ ചൂടാകുകയും, വൈദ്യുതി മന്ത്രിക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മന്ത്രി വന്ന് സോളാർ സംവിധാനം ശരിയാക്കി തരുമെന്നും ,താൻ പരാതി നൽകാൻ പറഞ്ഞതായും ബിനോയി പറഞ്ഞു. നിലവിൽ സോളാർ സംവിധാനത്തെ സർക്കാരും, വൈദ്യുതി ബോർഡും പ്രോൽസാഹിപ്പിക്കുമ്പോൾ അതിനെതിരെ നിലപാട് എടുക്കുന്ന അസി.എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിവാദമായിരിക്കുകയാണ്.
ഈ ഓഫീസിൽ വൈദ്യുതി കണക്ഷനടക്കമുള്ള പ്രവർത്തനങ്ങൾ നൽകുന്നതിൽ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട് .ഓഫീസുമായി ബന്ധപ്പെടുന്ന ജനപ്രതിനിധികളടക്കമുള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുന്ന നടപടികളുണ്ടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.