കോതമംഗലം: വനമേഖലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളായ കോതമംഗലം താലൂക്കിലെ കവളങ്ങാട്, കുട്ടംമ്പുഴ, കീരംപാറ, പിണ്ടിമന ,കോട്ടപ്പടി എന്നീ പഞ്ചായത്തുകളിൽ നിരന്തരമായി കാട്ടാന ശല്യമുണ്ടാകുന്നു. ഏക്കറു കണക്കിന് സ്ഥലത്തെ കാർഷികവിളകൾ നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കർഷകർക്ക് സംഭവിച്ചു. ഏത്ത വാഴ, പൈനാപ്പിൾ, കപ്പ, തെങ്ങ്, കമുക് എന്നിവക്ക് നാശം വരുത്തുന്നു. ജനവാസ മേഖലയിൽ എത്തി നിരവധി പേരുടെ വീടുകൾക്കും നാശം വരുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്നുവശ്യപ്പെട്ട്
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. മുൻ വർഷങ്ങളിൽ കാട്ടാനകൾ വരാത്ത പ്രദേശങ്ങളിലേക്കു പോലും കാട്ടാനക്കൂട്ടം എത്തി ജനവാസ മേഖലക്കു സമീപം തമ്പടിക്കുന്നു. ഈ സാഹചര്യത്തിൽ കാട്ടാനകൾ നാശം വരുത്തിയ കൃഷിയിടങ്ങൾ മന്ത്രിമാർ അടങ്ങുന്ന സംഘം സന്ദർശിക്കണമെന്നും വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാന്തമ്മ പയസ്സ്, മണ്ഡലം സെക്രട്ടറി എം എസ് അലിയാർ എന്നിവർമന്ത്രിമാർക്ക്നിവേദനം നൽകി.
