പെരുമ്പാവൂർ: ജന ജീവിതത്തിൽ മാറ്റം വരുത്തുന്ന പദ്ധതി എല്ലാവരെയും യോജിപ്പിച്ചു നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് പറഞ്ഞു. ആലുവ, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിച്ച പാറപ്പുറം – വല്ലം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പാറപ്പുറം – വല്ലം കടവ് പാലം യാഥാർത്ഥ്യമായത്. 289.45 നീളത്തിലും 10 മീറ്റർ വീതിയിലുമായി മികച്ച രീതിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എം.സി റോഡിന് സമാന്തരമായി പ്രവർത്തിക്കുന്ന പാലം കിഴക്കൻ മേഖലകളിൽ നിന്ന് വരുന്നവർക്ക് തിരക്കേറിയ കാലടി ടൗൺ ഒഴിവാക്കി യാത്ര ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇടുക്കി – കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി പാലം മാറും. എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമാണ് പാറപ്പുറം – വല്ലം കടവ് പാലമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലെത്തിയ സമയത്ത് അഞ്ചു വർഷംകൊണ്ട് നൂറു പാലങ്ങൾ എന്ന ലക്ഷ്യം നേടാനാണ് തീരുമാനിച്ചത്. മൂന്നുവർഷം കൊണ്ട് തന്നെ 50 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. നിർമ്മാണത്തിൽ ഇരിക്കുന്ന പ്രവർത്തനങ്ങളുടെ സ്ഥിതിഗതി മാസത്തിൽ ഒരുതവണ ചർച്ച ചെയ്യാൻ സമിതി യോഗങ്ങൾ നടക്കുന്നുണ്ട്. ഈ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ 69 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ 2021 മേയ് മാസത്തിനുശേഷം പൂർത്തിയായിരിക്കുന്നത്. 2024 ഓടെ നൂറ് പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കാനുമുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയായി ദീപാലംകൃതമാക്കുന്നതിന് ആലുവ മണപ്പുറത്തെ നടപ്പാലവും, കോഴിക്കോട് ഫാറൂഖ് പഴയ പാലവും തിരഞ്ഞെടുത്തിട്ടുണ്ട്. പാലങ്ങളുടെ താഴെയുള്ള സ്ഥലങ്ങൾ പൊതുവിടങ്ങൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും ഇതിനായുള്ള പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു, ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി അൻവർ സാദത്ത് എം.എൽ.എ സ്വാഗതം പറഞ്ഞു.
മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോണ്‍ ജേക്കബ്, വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, വൈസ് പ്രസിഡന്റ് പി.കെ സിന്ധു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിജിത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ ബാബു തുടങ്ങിയവർ പങ്കെടുത്തു.