കോതമംഗലം: ലൈനില്‍ മുട്ടിയെന്ന പേരില്‍ കര്‍ഷകന്റെ 406 വാഴകള്‍ വെട്ടിനശിപ്പിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ വൈദ്യുതി മന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നല്‍കി ആന്റണി ജോണ്‍ എംഎല്‍എ. വാരപ്പെട്ടി ഇളങ്ങവം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിന് പാകമായ 406 ഏത്തവഴകള്‍ വൈദ്യുതി വകുപ്പ് വെട്ടി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയത്. വാഴ വെട്ടി മാറ്റാന്‍ കര്‍ഷകന്‍ തയ്യാറായിരുന്നിട്ടും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് വാഴകള്‍ വെട്ടി നശിപ്പിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകന് ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. തോമസിന് ഉണ്ടായിട്ടുള്ള നാശനഷ്ടം കണക്കിലെടുത്ത് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും, വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തികരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.