കോതമംഗലം: – കുട്ടമ്പുഴ പഞ്ചായത്തിലെ വടക്കേ മണികണ്ഠൻചാലിൽ മൂന്ന് കുടുംബങ്ങളുടെ തലക്ക് മുകളിൽ തൂങ്ങിയാടുന്ന ‘ഡെമോക്ലീസിൻ്റെ വാളാ’ണ് ഏതു നിമിഷവും നിലംപൊത്താവുന്ന കൂറ്റൻ ചീനി മരം.
പൂയംകുട്ടിക്ക് സമീപം വനാതിർത്തിയിൽ വടക്കേ മണികണ്ഠൻചാലിൽ താമസിക്കുന്ന സുരേന്ദ്രൻ, ശശി, വത്സ എന്നിവരുടെ കുടുംബങ്ങളാണ് ഭീതിയിൽ കഴിഞ്ഞുകൂടുന്നത്.
ഇവരുടെ വീടിനോടു ചേർന്നാണ് കൂറ്റൻ ചീനി മരം കേടു പിടിച്ച് നിൽക്കുന്നത്. വലിയ ഉയരത്തിലുള്ള ഈ കൂറ്റൻ പാഴ്മരത്തിൻ്റെ കടഭാഗത്താണ് കേടുവന്നിരിക്കുന്നത്. മധ്യഭാഗം മുഴുവനും ദ്രവിച്ച് പൊള്ളയായിരിക്കുകയാണ്. കൈ വിരലുകൾ കൊണ്ടു പോലും മരത്തിൻ്റെ ഭാഗങ്ങൾ അടർത്തിയെടുക്കാനാവും.
2018 മുതൽ പരാതിയുമായി ഇവർ അധികൃതരെ സമീപിക്കുന്നതാണ്. ഏത് ഭാഗത്തേക്കും മരം നിലംപൊത്താവുന്ന അവസ്ഥയിലാണ്. മരം വീണാൽ അത് വൻ ദുരന്തത്തിന് കാരണമാകും.
വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ ഇവർക്ക് ഈ ചീനി മര പ്രശ്നം ഇരുട്ടടിയായിരിക്കുകയാണ്. ഇവർക്ക് മാറിത്താമസിക്കാൻ മറ്റൊരിടമില്ല. നിവൃത്തികേടുകൊണ്ടാണ് ഇവർ ജീവൻ പണയം വെച്ച് ഈ വീടുകളിൽത്തന്നെ കഴിയുന്നത്.
ജീവനും സ്വത്തിനും ഭീഷണിയായ ഈ ചീനി മരം അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന് പൊതു പ്രവർത്തകരും, സമീപവാസികളും പറഞ്ഞു.