കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക് ലഭിച്ചു. കൊല്ലത്തു വച്ചു നടന്ന ഇന്ത്യാ ഏരിയ കൺവൻഷനിൽ മുൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് വി.എസ്.ബഷീറിൽ നിന്നും അവാർഡു ഏറ്റുവാങ്ങി. വൈസ് മെൻ 100-ാം വാർഷികത്തിൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 22 ക്ലബ്ബുകളിലായി ഒരു കോടി രൂപയുടെ ജീവകാരുണ്യ സേവന പദ്ധതികൾ ഡിസ്ട്രിക്റ്റ് 7-ൽ നടപ്പിലാക്കി.
റീജിയൺ പ്രോജക്റ്റുകളുടെ ഭാഗമായി, ഭവന രഹിതരായ 4 കുടുംബങ്ങൾക്കു വീടുകൾ, ഹോസ്പിറ്റലുകളിൽ ഡയാലിസിസ് മെഷീൻ വിതരണം, കോവിഡ് പ്രതിരോധം, മറ്റു കാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് ഡിസ്ട്രിക്ററി ൽ നടപ്പിലാക്കിയത്. വൈസ് മെൻ ഇന്ത്യ ഏരിയയുടെ കഴിഞ്ഞ വർഷത്തെ ഹീൽ ദി വേൾഡ് അവാർഡും ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ എൽ.ആർ.ഡി.ടോമി ചെറുകാട്, ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലൈജു ഫിലിപ്പ്, മുൻ ഗവർണ്ണമാരായ ജോൺസൺ വി.സി, എൽദോ ഐസക്, ബിനോയി പൗലോസ്, ജിജോ വി എൽദോ, ബിജു ലോട്ടസ്, എന്നിവർ പങ്കെടുത്തു.