കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് മങ്ങാട് പടിയിൽ പ്രവർത്തിക്കുന്ന കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രിമീയം ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിച്ചു . കമ്പനിയുടെ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷതയിൽ ആൻറണി ജോൺ എം എൽ എ പ്രീമിയം ഔട്ട് ലെറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. .കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഫാം പ്ലാൻ പദ്ധതി പ്രകാരം കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മുഖേന നൽകിയ സബ്സിഡി പ്രയോജപ്പെടുത്തിയാണ് പ്രീമിയം ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ ആറ് ഔട്ട്ലെറ്റ് അനുവദിച്ചതിൽ ഒന്നാണ് ഇവിടെ ആരംഭിച്ചത് . അഞ്ചു ലക്ഷം രൂപയുടെ ധനസഹായമാണ് കൃഷി വകുപ്പ് നൽകിയിട്ടുള്ളത് . ഔട്ട് ലെറ്റ് നിർമ്മാണം, ഫർണിച്ചറുകൾ, ഫ്രിഡ്ജ്, ഷെൽഫ്, ഉല്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം തുടങ്ങിയവയാണ് കൃഷി വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്.പദ്ധതി പ്രകാരം രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങൾ, കർഷകർ ,കർഷക കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരെല്ലാം ഉല്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട വില നൽകി സംഭരിച്ച് വിൽപ്പന നടത്തുകയും മൂല്യവർദ്ധിത ഉല്പന്നങ്ങളായി മാറ്റുകയുമാണ് എഫ് പി ഒ ചെയ്യുന്നത്. .കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിന്ധു വി പി പദ്ധതി വിശദീകരണം നടത്തി.
അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സേവ്യർ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ഡാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ കുഞ്ഞുമോൻ, പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ ഷിബു പടപറമ്പത്ത്, വാർഡ് മെമ്പർ എം കെ വിജയൻ, നബാർഡ് റീജിയണൽ ഓഫീസ് മാനേജർ ഷാരോൺസ്, കൃഷി ഓഫീസർ സജി കെ എ, കെ എ ഡി എസ് പി സി എൽ ചെയർമാൻ കെ ജി ആൻറണി, എസ് ബി ഐ മാനേജർ ജിലി ജോർജ്, തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജർ സാബു വർഗീസ്, കാർഷിക വികസന സമിതിയംഗം ജോയ് പി മാത്യു, ആർ പി എസ് പ്രസിഡൻ്റ് എ ആർ പൗലോസ് എന്നിവർ സംസാരിച്ചു. അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സികൂട്ടീവ് ഓഫീസർ സുനിൽ സിറിയക് സ്വാഗതവും ഡയറക്ടർ ഡാമി പോൾ കൃതജ്ഞതയും പറഞ്ഞു.