കോതമംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയുടെ സഹകരണത്തോടെ സംയുക്തമായി കാടും കടലും എന്ന പ്രോജക്ടിൻ്റെ ഭാഗമായി ജില്ലയിലെ കുട്ടമ്പുഴ ഭാഗത്തുള്ള 10 ഊരു വിദ്യാലയ കേന്ദ്രങ്ങളെ ദത്തെടുക്കുന്ന പരിപാടിയായ “ഊര് വെളിച്ചം”പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്പ്ര ഊരു കേന്ദ്രത്തിൽ വച്ച് നടന്നു.
ഡെസ്ക് ,കസേര, സ്കൂൾബാഗുകൾ ,നോട്ട് ബുക്ക് ,സ്ലേറ്റ് ,പേന, പെൻസിൽ തുടങ്ങിയവ എൻ എസ് എസ് വളണ്ടിയർമാർ നല്കുന്ന സംഭാവന കൊണ്ടാണ് ഊര് വിദ്യാലയങ്ങളിൽ നല്കിയത്.
“ഊര് വെളിച്ചം”പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
എൻ എസ് എസ്, എറണാകുളം ജില്ലാ കൺവീനർ പൗലോസ് പി.കെ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ് വർഗീസ് എം. പദ്ധതി വിശദീകരണം നടത്തി.
കോതമംഗലം ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സജീവ് ആശംസകൾ അർപ്പിച്ചു. ആദിവാസി – ഗോത്ര മേഖലകളിലേക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധയും കരുതലും ഊരു വിദ്യാലയ കേന്ദ്രങ്ങളിൽ നേരിട്ട് നല്കുന്നതാണ് ഈ പദ്ധതി. പ്രഥമവും പ്രധാനവുമായ വിദ്യാഭ്യാസം ഊരുകൾ കേന്ദ്രീകരിച്ച് നല്കുന്നതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് മണ്ണിന്റെ മക്കളെ എത്തിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി എല്ലാ എൻ എസ് എസ് യൂണിറ്റുകളുടേയും സജീവ പങ്കാളിത്തത്തിലാണ് നടക്കുന്നത്. എറണാകുളം ജില്ലാ എൻ എസ് എസ് പി എ സി അംഗങ്ങൾ പ്രോഗ്രാം ഓഫീസർമാർ , വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.