കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത് : മന്ത്രിയുടെ ഇടപെട്ടു; വെള്ളക്കരം ഒഴിവാക്കി. അനധികൃതമായി ഇടാക്കിക്കൊണ്ടിരിക്കുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് എം.ഡി. ശശി കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി അടച്ചുകൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കാൻ മന്ത്രി പി. രാജീവ് നിർദേശിച്ചു.
പെരിയാർവാലി ജലസേചന പദ്ധതിയുടെ പേരിൽ തന്റെ കയ്യിൽ നിന്നും അനധികൃതമായി ഈടാക്കികൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃക്കാരിയൂർ ഉഷസ്സ് വീട്ടിൽ എം.ഡി. ശശി കോതമംഗലം താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയത്. ഭൂനികുതിക്കൊപ്പമാണ് വെള്ളക്കരത്തിന്റെ തുക ഈടാക്കിയിരുന്നത്. സമീപ പ്രദേശത്തെ വീടുകളിൽ നിന്നൊന്നും ജലസേചന പദ്ധതിയുടെ ഭാഗമായി വെള്ളക്കരം പിരിച്ചിരുന്നില്ലെന്നും അഞ്ചു വർഷമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചിരുന്നില്ലെന്നും എം.ഡി. ശശി പറഞ്ഞു.
കോതമംഗലം മാർത്തോമാ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന കോതമംഗലം താലൂക്കുതല അദാലത്തിൽ അഞ്ചു വർഷമായി വെള്ളക്കരം എന്നപേരിൽ പിരിച്ച തുക തിരികെ നൽകാനും തുടർന്നുള്ള വർഷങ്ങളിൽ വെള്ളക്കരം ഈടാക്കരുതെന്നും മന്ത്രി പി. രാജീവ് നിർദേശിച്ചു.