കോതമംഗലം:കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം മെയ് 18 ന് മന്ത്രി . വി.എൻ വാസവൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.കോതമംഗലം നഗരസഭ,നെല്ലിക്കുഴി,കോട്ടപ്പടി,
പിണ്ടിമന,കവളങ്ങാട്,കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാര രജിസ്ട്രേഷനും,14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നുണ്ട്.
നിരവധിയായ റെക്കോർഡുകൾ സൂക്ഷിക്കേണ്ട പ്രസ്തുത ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും, പൊതു ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.
നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി അത്യാധുനിക സൗകര്യങ്ങളോട് കൂടി റൂഫിങ്ങ് സൗകര്യമടക്കമുള്ള പുതിയ രണ്ട് നില കെട്ടിടമാണ് നിർമ്മിച്ചത്. കിഫ്ബിയിൽ നിന്നും
രണ്ട് കോടി രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
നഗരസഭയിലേയും,ആറ് പഞ്ചായത്തുകളിലേയും ആയിരകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ പുതിയ കെട്ടിടം നിർമ്മിച്ചതിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 18 വ്യാഴാഴ്‌ച രാവിലെ 11.30 ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കുമെന്ന് MLA പറഞ്ഞു.

























































