കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര കിലോമീറ്ററാണ് പക്ഷി സങ്കേതത്തിൻ്റെ വിസ്തീർണ്ണം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 14, 16, 17 വാർഡുകളാണ് പക്ഷി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്നത്. ആയിരക്കണക്കിന് ആളുകളാണ് വനനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ഷിലാ രാജീവ് റേഞ്ച് ഓഫീസർ CT ഔസേപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാച്ചന്മാര് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഉൾപ്പെട്ടുകിടക്കുന്ന ജനവാസ മേഖലയിലെ മുഴുവൻ വസ്തുവകകളും സർവ്വേ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിന് വേണ്ടി രണ്ട് പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സർവ്വേക്ക് നേതൃത്വം നൽകുമെന്നും തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ CT ഔസേപ്പ് പറഞ്ഞു.