കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്കുള്ള ഡോ. ജോസ് തെക്കൻ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ, മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ബർക്കുമൻസ് അവാർഡിനും ഡോ. മഞ്ജു കുര്യൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.