കോതമംഗലം :- കേരളത്തിന്റെ കായികമേഖലയില്‍ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന് ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയം എന്ന ആവശ്യം ന്യായമാണെന്നും ആന്റണി ജോൺ എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേലാട് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് സ്വാഗതാര്‍ഹമാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.കൂടുതല്‍ സഹായം നല്‍കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്നും അക്വാട്ടിക് സ്റ്റേഡിയം എന്ന ആവശ്യവും ബന്ധപ്പെട്ട ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലാണ് വികസന നിര്‍ദേശം ഉയര്‍ന്നത്.മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായികാധ്യാപിക ഷിബി മാത്യുവാണ് നിർദേശം ഉന്നയിച്ചത്.കാലാനുസൃ തമായ സിലബസ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ ശ്രമവും തുടങ്ങിയതായും മൂന്നു കമീഷനുകൾ രൂപീകരിച്ചത് ഇതിന്റെ ഭാഗമാണെന്നും ജാഥാ ക്യാപ്റ്റൻ പറഞ്ഞു.എല്‍ദോസ് മാര്‍ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബേബി എം വർഗീസ്,എംബിറ്റ്സ് കോളേജ് പ്രിൻസിപ്പൽ പി സോജന്‍ലാൽ,ചെയർമാൻ സി എ കുഞ്ഞച്ചൻ ഉൾപ്പെടെ മുതിർന്ന അധ്യാപകർ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായാണ് ഇതു പറഞ്ഞത്.
സംസ്ഥാനത്ത് വ്യവസായ സംരംഭകർക്ക് നൽകുന്ന പ്രോത്സാഹനത്തെ സ്വാഗതം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ആശാ ലില്ലി തോമസ്,പൊതു ഗതാഗതം കൂടുതൽ സ്ത്രീ സൗഹൃദമാക്കണമെന്നും ബസ് സ്റ്റേഷനുകളിൽ പൊതു ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.വനിതാ കമീഷൻ മുൻ അംഗം ഡോക്ടർ ലിസി ജോസും സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതം ചെയ്തു.പൊതു ശ്മശാനമെന്ന ആവശ്യം ഉയർന്നപ്പോൾ കോതമംഗലം ടൗണിനടുത്ത് കിഫ്‌ബി ഫണ്ടിൽ പണി തുടങ്ങുന്ന കാര്യം എം എൽ എ അറിയിച്ചതായി ജാഥാ ക്യാപ്റ്റൻ പറഞ്ഞു.കോതമംഗലം മാർത്തോമാ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,എം വി മാണി,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,കോതമംഗലം ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൾ സലാം ഖാസിമി,സംസ്കൃത സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ജേക്കബ് ഇട്ടൂപ്പ്,വ്യാപാരി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ എം ജോണി,എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ,എസ് ആർ വി സി എസ് വൈസ് പ്രസിഡന്റ് എൻ കെ അശോകൻ,കെ എച്ച് ആർ എ വൈസ് പ്രസിഡന്റ് വി ടി ഹരിഹരൻ,പി ബി ഒ എ ഭാരവാഹികളായ സി ബി നവാസ്,മർച്ചന്റ്സ് യൂണിയൻ പ്രതിനിധി മൈതീൻ ഇഞ്ചക്കുടി,അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയിംസ് മാത്യു,റിസോർട്ട് സംരംഭകരുടെ പ്രതിനിധി ഡോക്ടർ ഷിബു വർഗീസ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.