കോതമംഗലം : മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം ; ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പ്രസ്തുത സ്കൂൾ കോമ്പൗണ്ടിൽ ഒഴിഞ്ഞു കിടക്കുന്ന 26 സെന്റ് സ്ഥലത്ത് ട്രൈബൽ ഹോസ്റ്റൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത് എം എൽ എ സഭയുടെ ശ്രദ്ധയിൽപെടുത്തി. നിരവധിയായ ആദിവാസി കോളനികൾ ഉള്ളതും,ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്നതുമായ കോതമംഗലത്ത് മാതിരപ്പിള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
മാതിരപ്പിള്ളി ഗവൺമെന്റ് ഹൈസ്കൂൾ കോമ്പൗണ്ടിൽ ഒഴിഞ്ഞു കിടക്കുന്ന 26 സെൻറ് സ്ഥലത്ത് പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി പ്രസ്തുത ഭൂമി പട്ടികവർഗ്ഗ വികസന വകുപ്പിന് കൈമാറുന്നതിനായി കോതമംഗലം നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.നിലവിൽ ഫയൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.