കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ഇന്നലെ ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. തുടർന്ന് ബസിലെ യാത്രക്കാരിയായ വനിതാ ഡോക്ടറും സ്ഥിരയാത്രക്കാരിയായ അടൂർ ആശുപത്രിയിലെ നേഴ്‌സ് തുടങ്ങിവർ പ്രാഥമിക ചികിത്സ നൽകി മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തങ്ങളുടെ ബസുമായി രാജീവും, അജീഷും തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു ഒരു ജീവൻ രക്ഷിച്ച ആത്മ നിറവോടെ.
Facebook video link : https://fb.watch/igPpLY3Zeb/?mibextid=qC1gEa