കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ,തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.4,07,02,000 രൂപയുടെ ഭരണാനുമതി നല്കി ടെണ്ടർ നടപടി പൂർത്തീകരിച്ച് കോൺട്രാക്ട് എഗ്രിമെന്റ് വച്ചിട്ടുണ്ട്.13 കി.മീ 11 കെ.വി ഭൂഗർഭകേബിൾ വലിക്കുന്ന പ്രവർത്തി 0.15 കി.മീ 11 കെ.വി. ഓവർ ഹെഡ് ലൈൻ വലിക്കുന്ന പ്രവർത്തി,രണ്ട് 100 കെ.വി.എ. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവർത്തി 4.65 കി.മീ. ലോ ടെൻഷൻ ഏരിയൽ ബഞ്ച്ഡ് കണ്ടക്ടർ (ABC) ലൈൻ വലിക്കുന്ന പ്രവർത്തി എന്നിവ നടപ്പിലാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
മേൽ പ്രവർത്തി ആറുമാസ കാലയളവിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.പ്രസ്തുത ഗോത്രവർഗ്ഗ ഊരുകൾ വനാന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദൂര കോളനികൾ ആയതിനാൽ ഈ പ്രദേശങ്ങളിലെ വൈദ്യുതീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. എന്നിരുന്നാലും കോളനികളുടെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.