കോതമംഗലം : കോതമംഗലത്തു നിയമം കാറ്റിൽ പറത്തി അടിമാലിക്ക് കല്യാണയാത്ര നടത്തിയ ആനവണ്ടി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റേതാണ് നടപടി. സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആര്‍ ടി സി ഡ്രൈവര്‍ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ഇന്നലെ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്‍റ് ആര്‍ടിഒ അറിയിച്ചു. ഇക്കാര്യത്തില്‍ ഡ്രൈവര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിന്‍റ് ആര്‍ടിഒ ഷോയി വര്‍ഗീസ് പറഞ്ഞു.
അടിമാലി ഇരുമ്പു പാലത്തേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആര്‍ടിസി ബസാണ് മരച്ചില്ലകളും മറ്റും വച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. ഞായറാഴ്ച കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് കല്യാണ ഓട്ടം പോയ കെ എസ് ആര്‍ സി ബസിനെ ദിലീപ് ചിത്രം ഈ പറക്കും തളികലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഡ്രൈവറുടെ കാഴ്ച മറച്ചതിനും (184), മറ്റ് റോഡ് ഉപഭോക്താക്കൾക്ക് അപകടം വരുത്തുന്ന രീതിയിൽ ബസ്സിൽ മരച്ചിലകൾ വച്ച്കെട്ടി വാഹനം ഓടിച്ചതിനുമാണ് (177) ഡ്രൈവറുടെ ലൈസൻസസ്പെന്റ് ചെയ്തതെന്ന് ജോയിൻറ് RTO ഷോയി വർഗീസ് പറഞ്ഞു. കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ എത്തി ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ബസ് പരിശോധിച്ച് കേസെടുക്കുകയായിരുന്നു.