കോതമംഗലം : കഴിഞ്ഞ ദിവസം നടന്ന കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ മദ്യപിച്ചെത്തിയ സി.പി.എം മെമ്പർമാരായ ജെലിൻ വർക്കി, ഹരീഷ് രാജൻ എന്നിവർ യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് തല്ലാനായി എത്തിയതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ആലുവ പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. ഭരണ സമിതിക്കെതിര സി.പി.എം നടത്തിയ പഞ്ചായത്ത് ധർണ്ണയിൽ മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ നുണപ്രചരണങ്ങൾക്കും കവളങ്ങാട് ഊന്നുകൽ സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ യു.എഡി.എഫ് നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് വൈസ് പ്രസിഡന്റ് സംസാരിച്ചിരുന്നു. ഇതിന്റെ പകയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എം മെമ്പർമാർ ബഹളം കൂട്ടി തല്ലാനായി പാഞ്ഞടുത്ത് കസേരയടക്കം തല്ലിപൊളിച്ചത്.
സി.പി.എം ഏറെ പ്രതീക്ഷ പുലർത്തിയ നേര്യമംഗലം 11-ാം വാർഡിൽ സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് നിരുപാധിക പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എമ്മിന്റെ നിരന്തരമായ വ്യക്തിപരായ അധിക്ഷേപം. തനിക്കെതിരെ പഞ്ചായത്തിന് അകത്തും പുറത്തും തന്നെ വകവരുത്തുമെന്ന രീതിയിൽ സി.പി.എം നടത്തുന്ന നിരന്തരമായ ഭീക്ഷണിയിൽ നിന്ന് സംരക്ഷണം നൽകണമെന്നും പരാതിയിൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയടക്കം സി.പി.എം നടത്തുന്ന നുണപ്രചരണങ്ങൾ അടിസ്ഥാനരഹിതമാണന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഞാൻ സി.പി.എം ന് പിന്തുണ കൊടുക്കാത്തതിന്റെ പേരിൽ അധികാരത്തിന്റെ തണലിൽ തന്നെ ഇല്ലാതാക്കാനുള്ള സി.പി.എം പ്രാദേശിക നേതാക്കളുടെ ഗുഢ നീക്കം നാട്ടിലെ ജനങ്ങൾ തള്ളിക്കളയുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അഭിപ്രായപ്പെട്ടു.