കോതമംഗലം: കോതമംഗലം എസ്.ഐ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടുകൂടി എസ് ഐ മാഹിൻ സലീമിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം മർദ്ദിച്ചതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് മർദ്ദനമേറ്റ രോഷിൻ. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മുഖത്തടിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഇന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശിയും രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ റോഷൻ റെന്നിയാണ് ഇടതുകരണത്ത് അടിയേറ്റ് ചികിത്സ തേടിയത്. മർദ്ദനമേറ്റ വിദ്യാർത്ഥി സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകി. സുഹൃത്തിൻ്റെ വിവരം തിരക്കാൻ ചെന്ന തന്നെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ റോഷൻ പറഞ്ഞു.
താങ്കളത്ത് വിദ്യാർത്ഥികൾ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വിൽപന നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കരുതെന്ന് ഈ കടയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഇന്നലെ ഇത് തെറ്റിച്ച് കട പ്രവർത്തിച്ചത് പോലീസ് ചോദ്യം ചെയ്തിരുന്നു. അസമയത്ത് കണ്ട വിദ്യാർത്ഥികളുടെ മേൽവിലാസം പോലീസ് ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ഇവരുടെ ഭാഗത്തിനിന്നും ഉണ്ടായത്. ഒരാഴ്ചയായി ലഹരി വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി നിരവധി പരിശോധനകളാണ് കോതമംഗലം മേഖലയിൽ നടക്കുന്നത്. വിദ്യാർത്ഥികളിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്ക്കാരം എറണാകുളം റൂറൽ ജില്ലയിൽ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സസ്പെൻസിഷനിലായ കോതമംഗലം എസ് ഐ മാഹിൻ സലിം.