കോതമംഗലം :കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കോതമംഗലം മാർ തോമ ചെറിയ പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിന്റെയും പരിസര പ്രദേശങ്ങളുടെയും നവീകരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി.കോതമംഗലം താലൂക്ക് പരിധിയിലെ പി ഡബ്ല്യു ഡി റോഡ് സൈഡുകളിൽ മനുഷ്യ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ പി ഡബ്ല്യു ഡി യുടെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.വർദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരായി പോലീസ്,എക്സൈസ്അധികൃതർ ഇപ്പോൾ സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ആവശ്യമുയർന്നു.സ്കൂൾ പ്രവർത്തി ദിനങ്ങളിൽ രാവിലെയും വൈകിട്ടും സ്‌കൂളുകൾക്ക് മുന്നിൽ പോലീസ് സാന്നിധ്യം ഉണ്ടെന്ന് ഉറപ്പു വരുത്തുക.കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന്റെ അവശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും നിർദ്ദേശം നൽകി.പെരിയാറിനോട് ചേർന്നുള്ള പമ്പ് ഹൗസുകളിൽ വെള്ളം പമ്പ് ചെയ്യാൻ ആവശ്യമായ ജലത്തിന്റെ അളവ് ഉറപ്പു വരുത്താൻ ഭൂതത്താൻകെട്ടിലെ ഷട്ടറുകളുടെ പ്രവർത്തനം അതിനനുസൃതമായി ക്രമീകരിക്കുമെന്ന് പെരിയാർവാലി അധികൃതർ ഉറപ്പു വരുത്തണമെന്നും യോഗം നിർദ്ദേശം നൽകി.യോഗത്തിൽ
കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തഹസിൽദാർമാരായററേയ്ച്ചൽ കെ വർഗീസ്,നാസർ കെ എം,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.