കുട്ടമ്പുഴ: നിറങ്ങളിൽ നീരാടി മേട്നാപ്പാറകുടി ഗോത്ര വർഗ കോളനിയിൽ എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷം ആരംഭിച്ചത്. പൈങ്ങോട്ടൂർ ശ്രീനാരായണ കോളജിൽ നിന്നുള്ള എംഎസ്ഡബ്ളിയു വിദ്യാർഥികളും ആഘോഷ പരിപടികളിൽ പങ്കാളികളായി. കോളനിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ നടന്ന പരിപാടി എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഊരിലെ മുതിർന്ന സ്ത്രീകളോടൊപ്പം ഉദ്ഘാടനം ചെയ്തു.
താളമേളങ്ങൾ ശബ്ദ മുഖരിതമാക്കിയ ഹാളിൽ ആദിവാസി സമൂഹം പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. വിദ്യാർഥികളും ഒപ്പം കൂടിയതോടെ കോളനി ഉൽസവ ലഹരിയിലായി. കലാ പ്രകടനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് സംഘം കാടിറങ്ങിയത്. ഉദ്ഘാടന യോഗത്തിൽ എൻ്റെ നാട് പഞ്ചായത്ത് തല പ്രസിഡൻ്റ് സി.ജെ.എൽദോസ് അധ്യക്ഷത വഹിച്ചു. കെ.എ.സിബി, സൽമ പരീത്, ജോഷി പൊട്ടക്കൽ, കെ.എ.എൽദോസ്, ആഷ് വിൻ ജോസ്,ഊരുമൂപ്പൻ രാജു എന്നിവർ പ്രസംഗിച്ചു.