കോതമംഗലം : മണികണ്ഠംചാൽ – വെള്ളാരംകുത്ത് റോഡ് റീബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മിക്കും.ഇതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മണ്ഡലത്തിലെ മലയോര മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിൽ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായുള്ള പ്രസ്തുത റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.പ്രസ്തുത റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.തദ്ദേശ സ്വയം ഭരണ വകുപ്പ് എൻജിനീയറിങ്ങ് വിഭാഗം മുഖേനയാണ് പ്രവർത്തി നിർവ്വഹിക്കുന്നത്.ഭരണാനുമതിയ്ക്കായി എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനുള്ള നടപടി ചീഫ് എൻജിനീയർ സ്വീകരിച്ച് വരുന്നു.ശിപാർശ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഭരണാനുമതി നല്കി പ്രവർത്തി ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.
