കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ കർഷകരും. പൂയംകുട്ടി പുഴയ്ക്ക് അക്കരെ മണികണ്ഠൻചാലിൽ ആശങ്കയോടെ കഴിയുന്ന 525 കുടുംബങ്ങളുണ്ട് . പൂയംകുട്ടി ചപ്പാത്താണ് ഇവരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഇവർ ഒറ്റപ്പെട്ടു പോകും. ജോലി, ചികിൽസ, പഠനം എല്ലാം മുടങ്ങും. കനത്ത മഴയുള്ളപ്പോൾ ചപ്പാത്ത് മിക്കവാറും വെള്ളത്തിനടിയിലായിരിക്കും. ചപ്പാത്തിനു പകരം പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം നിർമിക്കുമെന്ന് അധികൃതർ പല തവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാലം ഇപ്പോഴും വിദൂര സ്വപ്നമാണെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
പുതിയ പാലത്തിനായി ഇന്ന് നിരവധി പ്രദേശവാസികളാണ് മനുഷ്യചങ്ങല തീർക്കുവാൻ തയ്യാറായി മുന്നോട്ട് വന്നത്. പൊതുപ്രവർത്തകരും, പള്ളിവികാരിമാരും, ആദിവാസി സമൂഹവും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് പുതിയ പാലത്തിനായി മണികണ്ഠൻചാൽ ചപ്പാത്തിൽ പരസ്പരം കരങ്ങൾ കോർത്തുപിടിച്ചു കൊണ്ട് മനുഷ്യ ചങ്ങല തീർത്തത്. നാടിന്റെയും പ്രദേശവാസികളുടെയും സ്പന്ദനം ഉൾക്കൊണ്ടുകൊണ്ട് ജനകീയ പ്രക്ഷോഭത്തിന് എൻ്റെ നാട് തുടക്കമിടുകയാണെന്ന് മനുഷ്യ ചങ്ങലയിൽ ആദിവാസി വീട്ടമ്മയുടെ കരങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.