കോതമംഗലം : മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ടി നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ. ടി.തോമസ് സർക്കാരിനു സമർപ്പിച്ച സഭാതർക്ക പരിഹാര ബിൽ എത്രയും വേഗം നടപ്പിലാക്കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന മതമൈത്രി സംരക്ഷണ സമിതി ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോതമംഗലം ഗാന്ധി സ്ക്വയറിൽ ഉപവാസ സമരം സംഘടിപ്പിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി കേരള സർക്കാർ ജനഹിത പരിശോധന നടത്തിയിരുന്നു. ആയതിന്റെ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പള്ളികളിൽ ഹിത പരിശോധന നടത്തി ഭൂരിപക്ഷം ഇടവകക്കാർക്ക് പള്ളികൾ വിട്ടു കൊടുത്ത് സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കി സമാധാനം കൈവരിക്കണമെന്നാണ് പരാമർശിച്ചിട്ടുള്ളത്. 2017 ലെ സുപ്രീം കോടതി വിധിക്കു ശേഷം മലങ്കരയിലെ എല്ലാ പള്ളികളിലും സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ശാന്തിയുടേയും സമാധാനത്തിന്റേയും സാഹചര്യം നിലനിർത്തേണ്ട ദേവാലയങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഏക മാർഗ്ഗവും ഇതു തന്നെയാണെന്ന് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടാതെ ദേവാലയങ്ങളുടെ സ്വത്തുക്കൾ മുഴുവൻ ഇടവക ജനങ്ങളുടെയാണെന്ന് സുപ്രീം കോടതി ഊന്നി പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പരാമർശത്തിന് സാധ്യതയേറുന്നു. ജസ്റ്റീസ് കെ.ടി.തോമസ് സർക്കാരിന്റെ മുമ്പിൽ സമർപ്പിട്ടുള്ള ഈ പരാമർശം എത്രയും വേഗം നിയമങ്ങൾ നിർമ്മിച്ച് നടപ്പാക്കാനായി സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് നാളെ ജനപ്രതിനിധികൾ ഉപവാസ സമരം നടത്തുന്നത്.
ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കോതമംഗലം നിയോജക മണ്ഡലം എം.എൽ.എ. ആന്റണി ജോൺ നിർവ്വഹിക്കും. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജില്ല , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും എന്ന് കൺവീനർ കെ.എ. നൗഷാദ് അറിയിച്ചു. പത്ര സമ്മേളനത്തിൽ എ.ജി.ജോർജ്ജ്, മുൻ മന്ത്രി ഷെവ.റ്റി.യു. കുരുവിള, കെ.എ. നൗഷാദ്, എ.റ്റി. പൗലോസ്, ഇ.കെ. സേവ്യർ , അഡ്വേ . മാത്യു ജോസഫ് ,ലിസ്സി ജോസ് , റെജി മാത്യു, അഡ്വേ . സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരിൽ എന്നിവർ പങ്കെടുത്തു.