കോതമംഗലം: ദുരന്തനിവാരണ അതോരിറ്റിയുടെ പ്രകൃതിക്ഷോഭ – പ്രളയ സാധ്യത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോതമംഗലത്ത് ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കോതമംഗലം എം.എൽ.എ. ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്കിലെ പ്രളയ – പ്രകൃതിക്ഷോഭസാധ്യതകളുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും, തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രളയ ദുരിതമനുഭവിക്കുന്ന കോതമംഗലം, തൃക്കാരിയൂർ, കുട്ടമ്പുഴ, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ ഇതു വരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും കോതമംഗലം തഹസിൽദാർമാരായ ജസി അഗസ്റ്റിൻ, നാസർ കെ.എം. എന്നിവർ വിശദീകരിച്ചു.
വിവിധ പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗങ്ങേശൻ , പഞ്ചായത്ത് പ്രസിഡന്റഡന്റ് മാരായ പി.എം. മജീദ്, വി.സി. ചാക്കോ, മിനി ഗോപി, പി.കെ ചന്ദ്രശേഖരൻ, സൈജന്റ് ചാക്കോ, കാന്തി വെള്ളക്കയ്യൻ, മുനിസിപ്പൽ കൗൺസിലർ കെ.എ.നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിശദീകരിച്ചു. വില്ലേജാഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഫയർഫോഴ്സ്, വാട്ടർ അതോരിറ്റി, വനം, കെ.എസ്.ഇ.ബി, ആരോഗ്യം, സിവിൽസപ്ലൈസ്,പട്ടികവർഗ്ഗ വികസന വകുപ്പ്, ബി.എസ്.എൻ.എൽ, ഇറിഗേഷൻ, ഗ്രാമ വികസന വകുപ്പ് തുടങ്ങിയ വകുപ്പ് കളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ കോതമംഗലം താലൂക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. നിലവിൽ കോതമംഗലത്തും, തൃക്കാരിയൂരിലും രണ്ട് ക്യാമ്പുകൾ തുറന്നിട്ടുള്ളതും, പ്രളയ സാഹചര്യമുണ്ടായാൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതിനും , ഏത് സാഹചര്യവും നേരിടുന്നതിളള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുള്ളതായും , നീണ്ട പാറയിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തത്തിന്റെ അപകട സാധ്യത വിലയിരുത്തുന്നതിന് പി.ഡബ്ല്യൂ ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ,, മൈനിംങ്ങ് & ജിയോളജി ജില്ലാ ആഫീസർ, സോയിൽ കൺസർവേഷൻ ജില്ലാ ആഫീസർ എന്നിവരടങ്ങിയ വിഗ്ദ സംഘം സ്ഥല പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എം.എൽ. അറിയിച്ചു.