കോതമംഗലം : റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകൾ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.റേഷൻ കടകളിൽ മിനി അക്ഷയ സെന്റർ,ബാങ്കിങ്ങ് സൗകര്യം,ഒപ്പം മാവേലി സ്റ്റോറിൽ ലഭ്യമാകുന്ന സൗകര്യങ്ങളും ഒരുക്കി റേഷൻ കടകളുടെ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം വരുത്തുന്ന കെ – സ്റ്റോർ പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകളെ ഉൾപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കെ – സ്റ്റോർ പദ്ധതിയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 5 റേഷൻ കടകളെ വീതം തെരഞ്ഞെടുത്ത് ടി പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ആയതിന്റെ ഭാഗമായി കോതമംഗലം താലൂക്കിലെ ഇരുമലപ്പടി പുതുപ്പാലം റേഷൻ കടയാണ് (നമ്പർ 122) തെരഞ്ഞെടുത്തിട്ടുള്ളത്.പദ്ധതിയുടെ പ്രാഥമിക ഘട്ടം നടപ്പാക്കിയതിനു ശേഷം കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻകടകളെ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.