കോതമംഗലം : ആലുവ – മൂന്നാർ രാജപാത ; വനം വകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ റോഡ് നിർമ്മാണത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയൂ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഏറെ പ്രാധാന്യമുള്ള രാജപാതയുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരവധി തവണ സഭയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും,എന്തുകൊണ്ടാണ് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ കാലതാമസം നേരിടുന്നത് എന്ന കാര്യവും എം എൽ എ സഭയിൽ ഉന്നയിച്ചു.
കോതമംഗലം പെരുമ്പൻകുത്ത് റോഡിലെ(പഴയ ആലുവ – മൂന്നാർ രാജപാത)കോതമംഗലം മുതൽ കുട്ടമ്പുഴ വരെയുള്ള 20 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് റോഡിന്റെ അധീനതയിൽ ഉണ്ടായിരുന്നത്.ഈ ഭാഗത്ത് ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.14/8/2009 ലെ ജി. ഒ. (എം.എസ്.) നമ്പർ 52/2009 പ്രകാരം കുട്ടമ്പുഴ മുതൽ പെരുമ്പൻകുത്ത് വരെയുള്ള 20 കിലോമീറ്റർ കൂടി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.
ഈ റോഡിന്റെ കോതമംഗലം മുതൽ പെരുമ്പൻകുത്ത് വരെയുള്ള 40 കിലോമീറ്റർ സർക്കാർ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും 29.5 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെയുള്ള ഭാഗം വനം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ല.ഈ റോഡിന്റെ 29.5 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെയുള്ള ഭാഗം (പൂയംകുട്ടി മുതലുള്ള ജനവാസമില്ലാത്ത മേഖല) വനം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതിനാൽ ആ ഭാഗത്തേക്ക് പ്രവേശിക്കുവാനും ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും സാധിച്ചിട്ടില്ല.ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വനം വകുപ്പിൽ നിന്നും എൻ ഓ സി ലഭിക്കുന്നതിനായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം കോതമംഗലം,മൂവാറ്റുപുഴ റോഡ്സ് ഡിവിഷൻ എന്നീ കാര്യാലയങ്ങളിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മലയാറ്റൂർ,മൂന്നാർ,മാങ്കുളം എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലേക്കും 20/6/2022 ൽ വീണ്ടും കത്ത് നൽകിയിട്ടുണ്ട്.
വനം വകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ റോഡ് നിർമ്മാണത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയൂ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.