കോതമംഗലം : കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ 885 മരങ്ങൾ മുറിക്കുന്നതിന് നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് രണ്ട് ഏക്കർ വനാവകാശ രേഖ നൽകിയെങ്കിലും ഭവന നിർമ്മാണത്തിന് വേണ്ടി 15 സെന്റ് സ്ഥലത്ത് മരങ്ങൾ മുറിച്ചു മാറ്റുക മാത്രമേ അനുവാദം കൊടുത്തിട്ടുള്ളൂ എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.ഇവരുടെ പ്രധാന ജീവിത മാർഗം കൃഷി ആണെന്നിരിക്കെ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി ബാക്കി മരങ്ങൾ മുറിച്ചു നീക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.പ്രസ്തുത ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന നാശകം,വട്ട അടക്കമുള്ള 919 പാഴ് മരങ്ങൾ വെട്ടി മാറ്റുന്നതിന് വേണ്ടി വനം വകുപ്പ് ലിസ്റ്റ് തയ്യാറാക്കിയിട്ടും നാളിതുവരെ പാഴ് മരങ്ങൾ വെട്ടി മാറ്റിയിട്ടില്ല എന്ന കാര്യവും എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.ആയതിനാൽ അടിയന്തരമായി മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.പന്തപ്ര ആദിവാസി കോളനിയിലെ മരങ്ങൾ മുറിച്ച് മാറ്റാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ബഹു കേരള ഹൈക്കോടതിയുടെ WP(C) നമ്പർ 24438/18, WP(C) No.24563/18 എന്നീ കേസുകളിലെ വിധിന്യായത്തിൽ കൂടുതൽ മരങ്ങൾ മുറിക്കുവാൻ കേന്ദ്ര വനം – പരിസ്ഥിതി കാലാവസ്ഥ വ്യതിയാനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സാധ്യമാകുകയുള്ളൂ.പാഴ് മരങ്ങൾ മഴക്കാലത്ത് വീടുകൾക്കും മറ്റും അപകട ഭീഷണി ഉയർത്തുന്നതിനാൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം എറണാകുളം ജില്ലാ കളക്ടറുടെ DCKM / 4135/2022 – L – 16 ഉത്തരവ് പ്രകാരം ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന 919 മരങ്ങളിൽ 885 മരങ്ങൾ മുറിക്കുന്നതിന് ആവശ്യമായ പരിശോധന നടത്തി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്.ഈ മരങ്ങൾ മെറ്റൽ ആൻഡ് സ്റ്റീൽ ട്രേഡിങ്ങ് കോർപ്പറേഷൻ ലേലം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.
