കോട്ടയം: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടന്ന മലയാള ഭാഷാ സ്നേഹികളുടെ കുടുംബസംഗമത്തിൽ ഗവ: ചീഫ് വിപ്പും ,അമ്മ മലയാളം ഉപദേശക സമിതി ചെയർമാനുമായ ഡോ: എൻ. ജയരാജ്, തൃക്കാരിയൂർ ശ്രീകുമാറിനെ ആദരിച്ചു.
മലയാള ഭാഷയുടെ വളർച്ചക്കും, പ്രചാരത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഭാഷാ സ്നേഹിയാണ് ശ്രീകുമാറെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്തി പത്രവും ഫലകവും, പൊന്നാടയും നൽകിയാണ് തൃക്കാരിയൂര്‍ ശ്രീകുമാറിനെ ആദരിച്ചത്. ട്രസ്റ്റ് ചെയർമാനും മുഖ്യകാര്യദർശിയുമായ മധു മണിമല സ്വാഗത പ്രസംഗം നടത്തി. വാർഷികാഘോഷ ഉദ്ഘാടനം ഡോ: എൻ ജയരാജ് നിർവഹിച്ചു. രക്ഷാധികാരിയും റിട്ട. പോലീസ് സൂപ്രണ്ടുമായ പി. ബി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര തൊഴിൽ മന്ത്രാലയ ഉപദേശകസമിതി ഏകാംഗ കമ്മീഷനും അമ്മ മലയാളം ഉന്നതാധികാര സമിതി അദ്ധ്യക്ഷനുമായ ഡോ: സി. വി. ആനന്ദബോസ് ഓൺ ലൈനായി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള മെഡിക്കൽ യൂണിവേഴ്സിറ്റി എത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ മാതൃവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി പി. ചന്ദ്രശേഖരൻ സമാദരണസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകി. ചലച്ചിത്രതാരങ്ങളായ മുക്ത, ബാലതാരം കണ്മണി, ചലച്ചിത്ര സംവിധായകൻ എം. പത്മകുമാർ, സംഗീതസംവിധായകൻ രഞ്ജിൻ രാജ്, മുൻ ഐജി എസ്. ഗോപിനാഥ്, രാഹുൽ ഈശ്വർ, പഴയിടം മുരളി, ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് കാട്ടിയ അമ്മമലയാളം കുടുംബാംഗങ്ങളെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മധു മണിമല, ജനറൽ സെക്രട്ടറി സിന്ധു എം. നായർ, ജനറൽ കൺവീനർ ടി. വി. ഹരീന്ദ്രനാഥക്കൈമൾ, ഉപകാര്യദർശി ശ്രീകുമാർ തൃക്കാരിയൂർ, ട്രഷറർ കെ. ടി. ഹരികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി